Sunday, January 20, 2013

ആരാച്ചാര്‍ , കെ ആര്‍ മീര




പ്രസാധകര്‍ : ഡി സി ബുക്ക്സ് 
വില: 250 രൂപ


മരണമൊഴുകുന്ന വഴിയോരത്ത്  മരണം പുകയുന്ന തീരത്താണ് അവരുടെ കൂര; മരണമണമുള്ള മരണദൂതരുടെ. രാപ്പകലില്ലാതെ മരണകുളമ്പടികളാല്‍ മുഖരിതമാണവിടം. വെന്തമാംസങ്ങളുടെ മരണമണം  നിറഞ്ഞ അന്തരീക്ഷം അന്ത്യയാത്രയുടെ  അനിശ്ചിതത്വം പോലെ ചിതയില്‍നിന്നുയരുന്ന പുകപടലങ്ങളാല്‍ ആവൃതമാണ്.

കെ ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന നോവല്‍ പറയുന്നത്, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ  ഒരു ആരാച്ചാര്‍ കുടുംബത്തിന്‍റെ കഥയാണ്. തലമുറകളിലൂടെ കൈമാറപ്പെട്ട, നീതിനിര്‍വ്വഹണത്തിനു വേണ്ടി ഭരണകൂടത്തിന്‍റെ ആജ്ഞാനുവര്‍ത്തിയായി വധശിക്ഷനടപ്പാക്കുക എന്ന തൊഴില്‍ മഹത്വവല്‍ക്കരിപ്പെട്ടതെന്ന് സ്വയം നിനച്ച് വശായ പിതാമഹന്മാരിലൂടെ കാലം ആ കൃത്യം  ഇങ്ങേ കണ്ണിയായ ചേതനഗൃദ്ധാമല്ലിക്കിലെത്തിച്ച് ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാര്‍ എന്ന പദവിയിലെത്തിക്കുന്നതും ദരിദ്രമായ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയെന്ന നിലയില്‍ അവളനുഭവിക്കേണ്ടിവരുന്ന പീഢനങ്ങളും തലമുറകളിലൂടെ പകര്‍ന്നുകിട്ടിയ മനസ്ഥൈര്യവും അവള്‍ ചവിട്ടുന്ന പടവുകളുടെ കയറ്റിറക്ക താളവുമാണ് നോവലിന്‍റെ ഇതിവൃത്തം.

കൊല്‍ക്കത്തയുടെ പാശ്ചാത്തലത്തില്‍ പറയുന്ന ഈ കഥയിലൂടെ  മീര അവിടുത്തെ ചരിത്രവും തെരുവുകളും ജീവിതരീതികളുമെല്ലാം  വായനക്കാരനെ അനുഭവേദ്യമാക്കുന്നുണ്ട്. നോവല്‍ വായന കഴിയുമ്പോഴേക്ക് കറുത്തവരുടെ ലോകമായ ചിത്പൂരും മരണമൊഴുകുന്ന സ്ട്രാന്‍ഡ് റോഡും മരണചിതകളൊരുക്കി കാത്തിരിക്കുന്ന ഗംഗാതീരത്തെ നീംതലഘാട്ടും സൊനാഗച്ചിയെന്ന ചുവന്നതെരുവും ഹൃദിസ്ഥമാക്കി നാം ആലിപ്പൂര്‍ ജയിലിലും അവിടുത്തെ തൂക്കുമരത്തിനുചുറ്റും ഇനിയുമൊരു നീതിനിര്‍വ്വഹണത്തിന്‍റെ ഇരയെ പ്രതീക്ഷിച്ച് കറങ്ങിനടക്കുന്നുണ്ടാവും. അത്രകണ്ട് ആരച്ചാരുടെ തൊഴിലിനോടും വധശിക്ഷയോടും മരണത്തിനോടും തൂക്കുകയറിനോടും കുടുക്കിനോടുമെല്ലാം താരതമ്യം പ്രാപിച്ചു കഴീഞ്ഞിരിക്കും നാം.നിത്യസത്യമായ  മരണമെന്ന വാക്ക് കേട്ടാല്‍ മനസ്സില്‍ പൊട്ടിപ്പൊട്ടി ചിരിക്കണമെന്ന ഥാക്കുമായുടെ ഉപദേശം ഉള്ളില്‍ തികട്ടിവന്നുകൊണ്ടിരിക്കും.


ഇരുപത്തിരണ്ടുകാരിയായ ചേതനയുടെ കഥയാണിത്. അതുകൊണ്ടുതന്നെ  സ്വാതന്ത്ര്യഭാരത്തിനും മുന്‍പേ ആരാച്ചാര്‍ തൊഴില്‍ തുടങ്ങി, 450 കുറ്റവാളികളെ ഇതിനകം തൂക്കിലേറ്റിയ അവളുടെ ബാബ ഫണിഭൂഷന്‍ ഗൃദ്ധാമല്ലിക്കിന്‍റേയും  ഒരുപാട് തലമുറകളുടെ ചരിത്രങ്ങള്‍ ഓര്‍മ്മകളില്‍ ചിട്ടയോടെ അടുക്കിവെച്ചിരിക്കുന്ന, ആരാച്ചാര്‍ കുടുംബത്തിലെ പെണ്ണുങ്ങള്‍ ഉറച്ച മനസ്സുള്ളവരായിരിക്കണമെന്നും പെണ്ണുചിരിക്കുന്ന വീട് നശിക്കുമെന്നും വിശ്വസിക്കുന്ന, മരണമെന്ന് കേട്ടാല്‍ മനസ്സിലുറക്കെ ചിരിക്കണം, അത് ചത്തതായാലും കൊന്നതായാലും എന്ന് ഉദ്ബോധിപ്പിക്കുന്ന അവളുടെ ഥാക്കുമായുടെയും രാജ്യവിഭജനത്തിന്‍റെ കത്തുന്ന ഓര്‍മ്മകളില്‍ സ്വജീവിതം ഒരുപിടിചാരമായ നിസ്സാഹയതയുടെ എരിയുന്ന ചിത മനസ്സിലേന്തി ജീവിക്കുന്ന മായുടേയും ആരാച്ചാര്‍ കുടുംബത്തിന്‍റെ പേരില്‍ ബലിയാടാക്കപ്പെട്ട സഹോദരന്‍ രാമുദായുടെയും ഒരേസമയം ചേതനയുടെ ആസക്തനും വൈരിയുമായ, കറുത്ത കണ്ണടയ്ക്കുള്ളില്‍ പച്ചക്കണ്ണുകള്‍ ഒളിപ്പിച്ച് വെച്ച കൌശലക്കാരനായ സഞ്ജീവ്കുമാര്‍ മിത്രയുടേയും  കൊല്ലാനുള്ള പേടി കാരണം ആരാച്ചാര്‍ കുടുംബത്തില്‍ ഒന്നുമല്ലാതായി തീര്‍ന്ന സുഖ്ദേവ് കാക്കുവിന്‍റേയും പിന്നെ ചേതനയ്ക്ക് ചുറ്റുമുള്ള പലരുടേയും കഥയാണ്.അതുപോലെ മുന്‍തലമുറക്കാരുടേയും ചരിത്രസ്മരണകളുടേയും അസംഖ്യം കഥകള്‍ കൂടിയാണിത്.

പത്തും ഇരുപതും തൂക്കികൊലകള്‍ ഭരണകൂടത്തിന്‍റെ ശിക്ഷനടപ്പാക്കലിന്‍റെ ഭാഗമായി ദിനംപ്രതി നടത്തിയിരുന്ന ഗൃദ്ധാമല്ലിക്ക് കുടുംബത്തിന്‍റെ പിന്‍തലമുറക്കാര്‍ ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തിയത് നിയമപരിഷ്ക്കാരങ്ങളുടേയും മാനുഷികപരിഗണനകളുടേയും ഫലമായി വധശിക്ഷകള്‍ കുറഞ്ഞപ്പോഴാണ്. വര്‍ഷങ്ങള്‍ക്കു ശേഷം എണ്‍പത്തിയെട്ടുകാരനായ ഫണിഭൂഷന് കിട്ടിയ ഇരയാണ് ഒരു  പിഞ്ചുകുഞ്ഞിനെ പിച്ചിചീന്തി കൊലപ്പെടുത്തിയ യതീന്ദ്രനാഥ് ബാനര്‍ജിയെ തൂക്കിലേറ്റാനുള്ള കോടതി ഉത്തരവ്. കിട്ടിയ അവസരം പാഴാക്കാതെ ഗവണ്മെന്‍റിനോട്  വിലപേശി ഇനിയൊരു ആരോഗ്യവാനായ ആണ്‍തരിയില്ലാത്തതുകൊണ്ട് തന്‍റെ മകള്‍ ചേതനയ്ക്ക്  മാസം 75 രൂപ വേതനാടിസ്ഥാനത്തില്‍ ആരാച്ചാരായി നിയമനോത്തരവ് കരസ്ഥമാക്കുന്നു അയാള്‍..  തികച്ചും സ്വാര്‍ത്ഥനായ ചാനല്‍ റിപ്പോര്‍ട്ടര്‍ സഞ്ജീവ് മിത്രയുടെ ഇടപെടലുകളും  ഭീഷണികളും ഫണിഭൂഷന്‍റെ വിലപേശകളുമൊക്കെയായി കഥ പുരോഗമിക്കുമ്പോള്‍ ‘ഒരിക്കലെങ്കിലും നിന്നെയെനിക്കനുഭവിക്കണം’ എന്ന് വെല്ലുവിളിച്ച സഞ്ജീവ് മിത്രയ്ക്ക് തന്നെ അച്ഛന്‍ ചേതനയെ കല്ല്യാണമുറപ്പിക്കുന്നു. പെണ്ണുങ്ങള്‍ക്ക് എതിര്‍ക്കാനവകാശമില്ലാത്ത നിത്യസത്യത്തിനു മുന്നില്‍ ചേതന മനസ്സിലൊരായിരം തവണ സഞ്ജീവിനെ തൂക്കിലേറ്റികൊണ്ട് നിശബ്ദയാവുകയാണ്, അയാളുടെ സകല ദുഷ്സ്വഭാവങ്ങളും മനസ്സിലാക്കി കൊണ്ടുതന്നെ. പിന്നീട് പലപ്പോഴും അവളിലെ സ്ത്രീ അവളറിയാതെ അയാളെ ആഗ്രഹിക്കുന്നുണ്ട്, പ്രണയിക്കുന്നുണ്ട്. അപ്പോഴൊക്കെ അയാള്‍ പിടിച്ചു ഞെരുക്കിയ ഇടത്തെ മാറിടം കടുത്തവേദനമറന്ന് പ്രണയാതുരമാവുന്നുണ്ട്.  സാഹചര്യങ്ങളേകിയ മനക്കരുത്തില്‍ ഒരിക്കല്‍ അവളയാളെ തേടി ചെന്ന് ഇതാ,താങ്കള്‍ക്കെന്നെ അനുഭവിക്കാനെന്ന് പറയുമ്പോള്‍ പതറിപോവുന്ന സഞ്ജീവ് മിത്രയെ നോക്കി ചിരിക്കുന്ന ചേതനയുടെ പരിഹാസച്ചിരി അയാളെ ചകിതനാക്കുന്നു, നിഷ്പ്രഭനാക്കുന്നു. 

ഒരു കടുത്ത സ്ത്രീപക്ഷ നോവലായി ‘ആരാച്ചാര്‍‘ വായിക്കുന്നവരെ പഴിചാരാനാവില്ല. സാഹചര്യങ്ങളുടെ തീച്ചൂളയില്‍ വെന്ത് വെന്ത്  ഈയ്യത്തിന്‍റെ ഉള്‍ക്കരുത്ത് നേടുന്ന  ചേതന ഇന്നിന്‍റെ സമൂഹത്തിന് അത്യന്താപേക്ഷിതമാണ്. ദുപ്പട്ടയില്‍ കുരുക്കിട്ട് ആക്രമിക്കുന്നവനെ കുരുക്കിലാക്കുന്ന ആ മനസ്സാന്നിധ്യവും ധൈര്യവും ഒരംശം സമൂഹത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്നെങ്കിലെന്ന് കഥയെന്ന് മറന്ന് ഞാനും ആഗ്രഹിച്ചു ഒരുനിമിഷം. എന്നാലും ഇതൊരു സാമൂഹികമാനമുള്ള നോവലായി വായിക്കാനാണെനിക്ക് തോന്നിയത്.  ആധുനികസമൂഹത്തിലേക്കുള്ള ഒരു ചൂണ്ടുപലകയാവുന്നുണ്ട് പലയിടത്തും ഈ കഥ. സാമൂഹിക-സാമ്പത്തിക-ലിംഗ അസമത്വങ്ങളിലേക്കും മാധ്യമങ്ങളുടെ അതിപ്രസരത്തിലേക്കും ഏത് തൊഴിലിലുമുള്ള  അന്ധമായ വാണിജ്യവത്ക്കരണത്തിലേക്കും ആര്‍ത്തിപിടിച്ചോടുന്നവന്‍റെ നെറികേടിലേക്കും വലിച്ചെറിയുന്നുണ്ട്  വായനക്കാരനെ ഈ കഥയില്‍.

കൊല്‍ക്കത്തയുടെ പ്രൌഢഗംഭീരമായ സംസ്കാരത്തിലൂന്നി എഴുതിയിരിക്കുന്ന ഈ കഥയില്‍ മീരയുടെ ശക്തമായ ഭാഷയും കഥാതന്തുവും വല്ലാതെ ആകര്‍ഷിക്കുമ്പോള്‍ തന്നെ ഇത്രയും മുഷിച്ചലോടെ ഞാന്‍  അടുത്തൊന്നും ഒരു പുസ്തകം വായിച്ചു  തീര്‍ത്തിട്ടില്ല എന്നുകൂടി പറയേണ്ടിവരുന്നു. എന്‍റെ വായനയുടെ ദോഷമായിരിക്കാം, എന്നാലും വല്ലാതെ ഇഴച്ചിലനുഭവപ്പെട്ടു വായനയിലുടനീളം. പുരാണകഥകളുടെ അതിപ്രസരം വായനയെ അലോസരപ്പെടുത്തിയത് കുറച്ചൊന്നുമല്ല. മുഖ്യ കഥയേക്കാള്‍ കൂടുതല്‍ ഉപകഥകള്‍ പറഞ്ഞ് പോയപ്പോള്‍ എന്നിലെ വായനക്കാരി വായന തുടരാന്‍ പാടുപ്പെട്ടു. കൈച്ചിട്ടിറക്കാനും വയ്യ , മധുരിച്ച് തുപ്പാനും വയ്യെന്ന അവസ്ഥയിലൂടെ കടന്നുപോവാന്‍ കാരണം ഈ ഇഴച്ചിലും ആവര്‍ത്തനവിരസമായ കഥയിലെ സംഭവപരമ്പരകളും അതേസമയം മീരയുടെ ഏറെ  ആകര്‍ഷകമായ കഥയും ശക്തമായ ഭാഷയുമാണ്. 

2012-ലെ ഏറ്റവും നല്ല പുസ്തകങ്ങളില്‍ മുന്‍ നിരയില്‍  ആരാച്ചാര്‍ ഉണ്ടായിരുന്നു പല കണക്കെടുപ്പുകളിലും, പ്രഗത്ഭര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട് ധാരാളം എന്നതൊന്നും മറന്നിട്ടല്ല  ഈ ന്യൂനത എടുത്ത് കാണിച്ചത്. ഇതെന്‍റെ  പരിമിതമായ വായനാ തോന്നലുകള്‍ മാത്രമാണ്. അത്യാകര്‍ഷകമായ ചെറുകഥകളിലൂടെ മീര കരസ്ഥമാക്കിയ ഒരു ഉന്നത സ്ഥാനമുണ്ട് മനസ്സില്‍ . അവിടെനിന്നവര്‍ ഊര്‍ന്ന് വീഴാതിരിക്കാന്‍  ആ പ്രിയ ചെറുകഥാ കൃത്തിന്‍റെ മാറ്റൊരു നോവല്‍ വായനയെക്കെടുക്കാന്‍ ഞാനൊന്ന് മടിക്കും കുറച്ച് കാലത്തേക്കെങ്കിലും എന്നത് നേര്.


42 comments:

  1. നന്ദി ഈ പരിചയപ്പെടുത്തലിന്ന് ............

    ReplyDelete
  2. സത്യസന്ധമായ നിരൂപണം എന്നു തോന്നി.ഇലഞ്ഞിപ്പൂക്കളുടെ മറ്റ് രചനകള്‍ ശ്രദ്ധിക്കും.

    ReplyDelete
  3. Sheyasse nannayii ithu enikkum palarkkum ariyatha oru karyamayirikkum theercha..!!

    ReplyDelete
  4. ആരാച്ചാര്‍ മുഴുവന്‍ വായിച്ചില്ല.... മുക്കാലും വായിച്ചു.
    ഭംഗിയായി എഴുതീട്ടുണ്ട് ഇലഞ്ഞിപൂക്കള്‍ . അഭിനന്ദനങ്ങള്‍ കേട്ടൊ.

    ReplyDelete
  5. മീരയുടെ കഥകള്‍ എനിക്കും വളരെ ഇഷ്ടമാണ്......അവരുടെ ആദ്യ നോവല്‍ ഞാന്‍ വായിച്ചില്ലെങ്കിലും ആളുകള്‍ വളരെ നിരാശരായിരുന്നു.....എങ്കിലും ആരാച്ചാര്‍ മീരയുടെ കഥയുടെ സൌന്ദര്യത്തിനെ ഉള്‍കൊള്ളുന്നു എന്നറിയച്ചതില്‍ നന്ദി.....

    ReplyDelete
  6. നല്ല പരിചയപ്പെടുത്തല്‍....,....

    ReplyDelete
  7. പുസ്തക പരിചയം അസ്സലായി. പുസ്തകത്തെ കുറിച്ചുള്ള ലഘു വിവരണം വായിച്ചപ്പോള്‍തന്നെ ആ പുസ്തകം വായിച്ചത് പോലെയുള്ള പ്രതീതി.. ആശംസകള്‍..

    ReplyDelete
  8. മാധ്യമം വാരികയില്‍ വരുന്നുണ്ടായിരുന്നു ഈ നോവല്‍
    ബിമല്‍മിത്രയുടെ നോവലുകളുടെ വിവര്‍ത്തനം വായിച്ചതുപോലെ തോന്നി

    ReplyDelete
  9. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ മനോഹരമായ ഒരു നോവല്‍ .. മാധ്യമത്തിലെ വായനയുടെ ആദ്യ ലക്കങ്ങളില്‍ എന്റെ മനസ്സ് അതാണ്‌ മന്ത്രിച്ചത്. പക്ഷേ പിന്നെ കഥ ഉപകഥകളും ശാഖകളുമായി വേര്‍പിരിഞ്ഞു പോയിത്തുടങ്ങി. ആവര്‍ത്തനങ്ങളും പതിയെ മടുപ്പിച്ചു. എങ്കിലും മികച്ച ഒരു നോവല്‍ തന്നെ എന്ന് പരയാതിരിക്കാനാകില്ല
    നല്ല അവലോകനം. വായന മനസ്സില്‍ തോന്നിച്ചത് സത്യസന്ധമായി പകര്‍ത്തി വെച്ചു. അതിനാനെന്റെ അഭിനന്ദനം

    ReplyDelete
  10. മാധ്യമം ആഴ്ചപ്പതിപ്പിൽ ആരാച്ചാർ വായിച്ചു തുടങ്ങിയതിനു ശേഷമാണ്‌ മീരയുടെ പുസ്തകക്ങ്ങൾ തെരെഞ്ഞെടുത്ത് വായിച്ചത്. പിടിച്ചിരുന്ത്തുന്ന തുടക്കം അയിരുന്നു ആരാച്ചാറിന്റേത്. പക്ഷെ ഇവിടെ സൂചിപ്പിച്ചതു പോലെ അവസാനഭാഗം ഒരുപാടു വലിച്ചു നീട്ടിയതായാണ്‌ തോന്നിയത്. തുടക്കത്തിൽ ഉണ്ടായ വായനാ സുഖം അവസാന ലക്കങ്ങളിൽ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു. അവലോകനത്തിന്‌ അഭിനന്ദനങ്ങൾ.


    ReplyDelete
  11. നല്ല വിലയിരുത്തല്‍ ,കഥയെകുറിച്ചുള്ള ഏകദേശ രൂപം ഈ വായനയില്‍ കിട്ടി .

    ReplyDelete
  12. അവലോകനം നന്നായിരിക്കുന്നു.
    കെ.ആര്‍..,മീരയുടെ ചെറുകഥകള്‍ വായിച്ചിട്ടുണ്ട്.
    ആരച്ചാര്‍ എന്ന നോവല്‍ വായിച്ചിട്ടില്ല.വായിക്കാന്‍ താല്പര്യം തോന്നിപ്പിക്കുന്ന
    സത്യസന്ധമായ വിലയിരുത്തല്‍.
    ആശംസകള്‍

    ReplyDelete
  13. വായനയുടെ സത്യസന്ധമായ വിലയിരുത്തല്‍., തുടരുക ഈ ശ്രമം.

    ReplyDelete
  14. മുന്‍വിധികളില്ലാതെ നല്ലൊരു അവലോകനം.

    ReplyDelete
  15. അവലോകനം നന്നായിട്ടുണ്ട് ..

    ReplyDelete
  16. വായിച്ചിട്ടില്ല. എന്തായാലും വായിക്കണം

    ReplyDelete
  17. ഇലഞ്ഞി എനിക്ക് ഇന്നലെ പുസ്തകം ഗ്രീന്‍ ബുക്സില്‍ നിന്നും ഈ വര്‍ഷത്തെ ഫ്രീ ബുക്ക്‌ ആയിട്ട് കിട്ടി . വായന തുടങ്ങിയില്ല ഇതുവരെ . ന്തായാലും അവലോകനം നന്ന് കേട്ടോ . ബാക്കി വായിച്ചിട്ട് പറയാം :)

    ReplyDelete
  18. ആ നോവല്‍ വായിച്ചപ്പോള്‍ ഇത്രയും ആസ്വാദ്യകരമായി തോന്നിയില്ല ,നല്ല അവലോകനം .

    ReplyDelete
  19. കെ ആര്‍ മീര സോസ്യല്‍ മീഡിയകളുടെ ഈ ആഘോഷ പാത്രത്തെ ഒന്ന് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുക ആണ് ഞാന്‍ ഏതായാലും ഈ അവലോകനത്തിന് നന്ദി

    ReplyDelete
  20. ശേയെച്ചീ നല്ല ഒരു അവലോകനം.

    ReplyDelete
  21. സ്നേഹൂ..നന്നായിരിക്കുന്നൂ ഈ പരിചയപ്പെടുത്തൽ..!

    ReplyDelete
  22. കൈയില്‍ കിട്ടിയിട്ടുണ്ട്... വായിച്ചു തുടങ്ങിയില്ല. അവലോകനത്തിന് നന്ദി ഇലഞ്ഞി.

    ReplyDelete
  23. നല്ല അവലോകനം. ഒടുവില്‍ ഇതുകണ്ട് കൊതിച്ച് പുസ്തകം വായിച്ചാല്‍ ആസ്വാദകയെ ചീത്ത വിളിക്കാന്‍ തോന്നാതിരുന്നാല്‍ മതിയായിരുന്നു.. :)

    ReplyDelete
  24. നോവല്‍ വായിക്കാന്‍ ഇഷ്ട്ടം തോന്നിക്കുന്ന എഴുത്ത്.

    ReplyDelete
  25. പരിചയപ്പെടുത്തലിലും ഇലഞ്ഞി പൂക്കളുടെ സൌന്ദര്യം ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞമയില്‍പീലി

    ReplyDelete
  26. മീരയുടെ കഥകള്‍ അനുഭവമാവാറുണ്ട്..... ഇത് വായിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഷെയയുടെ അവലോകനവും വായിച്ചില്ല.. ഒരു മുന്‍വിധിയോടെ പുസ്തകത്തെ അഭിമുഖീകരിക്കാനുള്ള ഭയം. വായിച്ചിട്ടു വരാം.

    ReplyDelete
  27. ആരാച്ചാര്‍ വായിക്കാന്‍ കഴിഞ്ഞില്ല. ഷേയയുടെ അവലോകനം വായിച്ചപ്പോള്‍ നോവല്‍ വായിച്ചേ മതിയാവൂ എന്ന് തോന്നുന്നു. അത്ര സമഗ്രമായി നോവലിന്റെ ആത്മാവ് തൊട്ടറിഞ്ഞ് എഴുതിയിരിക്കുന്നു.

    ഷേയ ഒരു നല്ല കഥാകാരിയാണ്. എങ്കിലും,പുസ്തകനിരൂപണമാണ് ഷേയയുടെ ഏറ്റവും നല്ല തട്ടകം എന്ന് തോന്നുന്നു. അഭിനന്ദനങ്ങള്‍...

    ReplyDelete
  28. 'മാധ്യമം'ആഴ്ചപ്പതിപ്പില്‍ തുടര്‍ വായന വിട്ടുപോയതിനാല്‍ പുസ്തകം വിലകൊടുത്തു വാങ്ങി (അതെന്‍റെ സ്വഭാവമാണ്)ആ ആഴ്ചപ്പതിപ്പുകളും കയ്യിലുണ്ട്.
    ____________കെ.എസ്.രാധാകൃഷ്ണന്‍,ഭാഗ്യനാഥ്‌,കെ.പി.മുരളീധരന്‍ എന്നിവര്‍ തയ്യാറാക്കിയ അഞ്ചു വ്യത്യസ്ത പുറംചട്ടകളോടെയാണ് ഈ നോവല്‍ ...
    അഭിനന്ദനങ്ങള്‍ ഈ നല്ല ശ്രമത്തിന്.

    ReplyDelete
  29. വായിച്ചിട്ടില്ല. എന്തായാലും ഈ പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  30. കൊല്‍ക്കത്തയുടെ പ്രൌഢഗംഭീരമായ സംസ്കാരത്തിലൂന്നി എഴുതിയിരിക്കുന്ന ഈ കഥയില്‍ മീരയുടെ ശക്തമായ ഭാഷയും കഥാതന്തുവും വല്ലാതെ ആകര്‍ഷിക്കുമ്പോള്‍ തന്നെ ഇത്രയും മുഷിച്ചലോടെ ഞാന്‍ അടുത്തൊന്നും ഒരു പുസ്തകം വായിച്ചു തീര്‍ത്തിട്ടില്ല എന്നുകൂടി പറയേണ്ടിവരുന്നു.

    വായാനാനുഭവം ആത്മാർത്ഥമായി തന്നെ പങ്കുവെച്ചിരിക്കുന്നൂ..

    ReplyDelete
  31. വളെര നല്ല വിവരണം

    ReplyDelete
  32. നല്ല അവലോകനം ഷേയ ..എപ്പോഴുമെന്നത് പോലെ ..ആഴത്തില്‍ വായിക്കാനും വായിച്ച് മനസ്സിലാക്കിയതിനെ സത്യസന്ധമായി തന്നെ പരിചയപ്പെടുത്താനും ഷേയക്കുള്ള മിടുക്കിനെ അഭിനന്ദിക്കാതെ വയ്യ..ഭാവുകങ്ങള്‍ !!!

    ReplyDelete
  33. ഇപ്പോഴാണ് ആ നോവലൊന്നു വായിക്കാന്‍ കഴിഞ്ഞത്.. മീരയുടെ അസാധാരണമായ മറ്റൊരു രചന കൂടി തന്നെ... മരണത്തിന്‍റെ മണമുള്ള നോവല്‍.. ഉപകഥകളുടെ ആധിക്യം ഉണ്ടെന്നല്ല.. ആ കഥകളിലാണ് അവരുടെ ജീവിതം.... ചരിത്രത്തില്‍ ജീവിക്കുന്ന അച്ഛനും മകളും... നല്ലൊരു വായനാനുഭവം തരുന്ന ഒന്നു തന്നെയെന്ന് നിസ്സംശയം പറയാം

    ReplyDelete
  34. ഈ നോവല്‍ വായിച്ചു പുസ്തകം മടക്കിയപ്പോള്‍ കുറെ മാസങ്ങള്‍ക്ക് മുമ്പ് വായിച്ച ഈ അവലോകനം ഓര്‍മ്മവന്നു , നോവലിനോട് നീതി പുലര്‍ത്തിയ ഒരു അവലോകനം, കഥകള്‍ അല്ല ഉപ കഥകള്‍ കൊണ്ടാണ് ഈ നോവല്‍ വ്യത്യസ്തമാകുന്നത്, പോസ്റ്റില്‍ പറഞ്ഞപോലെ കഥകള്‍ ക്കുള്ളില്‍ കഥകള്‍ വന്നപ്പോള്‍ വായനയുടെ ഫ്ലോ പല സ്ഥലത്തും മുഷിപ്പ്ണ്ടാക്കി. അവാസനത്തെ കുറച്ചു പേജുകളില്‍ മാത്രമേ ആകാക്ഷ നിലനിര്‍ത്താന്‍ കഥാകാരിക്ക് സാധിച്ചിട്ടുള്ളൂ എന്നാണു എന്‍റെ വായനയില്‍ തോന്നിയത് ,എന്നാല്‍ ഈ കഥക്ക് വേണ്ടി ഇത്രയും ഉപ കഥകള്‍ മിനഞ്ഞെടുത്ത ആ ഭാവനയെ എത്ര പ്രശംസിച്ചാലും മതി വരില്ല , നന്ദി ഇലഞ്ഞി ഈ നോവല്‍ വായിക്കാന്‍ ഒരു പ്രേരണ നല്‍കിയതിനു .

    ReplyDelete
  35. ഞാനിതു മുമ്പ് വായിച്ചതാണല്ലോ എന്ന് വിചാരിച്ചതാ. എന്നിട്ടും കരുതി നോവല്‍ ഇപ്പോള്‍ വയിച്ചല്ലേ ഉള്ളു, പലകാര്യങ്ങളിലും ഒരേ അഭിപ്രായമുള്ളതിനാല്‍ തോന്നുന്നതാണെന്ന്.. അപ്പൊ ദേ കിടക്കുന്നു, ഒരു കൊല്ലം മുമ്പ് ഞാനിത് വായിച്ചതിന്‍റെ തെളിവ്.. പക്ഷെ അത് മറന്നുപോയതിനാല്‍ എന്‍റെ വായനയെ സ്വാധീനിച്ചില്ല എന്നത് സത്യം.. :) :)

    നന്നായി ഒന്ന് എഡിറ്റ്‌ ചെയ്താല്‍ ഒരു 150 പേജ് കുറഞ്ഞുകിട്ടുമായിരുന്നു ഈ നോവലിനെന്നു എനിക്ക് തോന്നി. മാത്രമല്ല വായനയില്‍ ഇടയ്ക്കിടെ ഉണ്ടാക്കുന്ന മുഷിച്ചിലും ഒഴിവാക്കാം.. അതല്ലാതെ മറ്റു കുറവുകളൊന്നും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല..

    ഞാനെഴുതിയതിനെ കാട്ടിലും നന്നായിടുണ്ട്..

    ReplyDelete
  36. ഉപകഥകൾ മുഷിപ്പുളവാക്കിയെന്ന വാദം തികച്ചും ആപേക്ഷികമാണ്. ഉപകഥകളാണ് നോവലിനെ മികച്ചതാക്കുന്നത് എന്നാണ് തോന്നിയത്.

    ReplyDelete
    Replies
    1. ശരിയാണ് .ഉപകഥകളാണ് കഥയ്ക്ക് ജീവന്‍ പകരുന്നത്.

      Delete
    2. ശരിയാണ് .ഉപകഥകളാണ് കഥയ്ക്ക് ജീവന്‍ പകരുന്നത്.

      Delete
  37. ഞാൻ വായിച്ച തിൽ അതിഗംഭീരം.ഈപുസ്തകം. മീരമേഡത്തിന് എന്റെ പൊന്നിൻ പൊതിഞ്ഞ അഭിനന്ദനങ്ങൾ.

    ReplyDelete

അഭിപ്രായങ്ങള്‍ക്കായി പ്രതീക്ഷയോടെ...!